04:42am 04 September 2026
NEWS
ടോപ്പ്ലെസ് ഫോട്ടോഷൂട്ടിലൊന്നും തെറ്റില്ല, അങ്ങനെയെങ്കില്‍ പല കൊത്തുപണികളും പൊളിക്കേണ്ടി വരും; ശ്രുതി മേനോൻ
15/01/2025  08:38 AM IST
എ.കെ.എസ്‌
ടോപ്പ്ലെസ് ഫോട്ടോഷൂട്ടിലൊന്നും തെറ്റില്ല, അങ്ങനെയെങ്കില്‍ പല കൊത്തുപണികളും പൊളിക്കേണ്ടി വരും; ശ്രുതി മേനോൻ
HIGHLIGHTS

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും: അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ...

 

?കലാമേഖലയിലേക്ക് എപ്പോഴായിരുന്നു അരങ്ങേറ്റം?

വളരെ ചെറുപ്പം തൊട്ടേ പാട്ടിലും നൃത്തത്തിലും ചുവട് വെച്ചിരുന്നു. ഞാൻ മൂന്ന് വയസ്സ് മുതലെ പാട്ടും നൃത്തവും പഠിക്കാൻ തുടങ്ങിയിരുന്നു. എന്റെ അമ്മയുടെ കുടുംബത്തിൽ പാട്ടുപാടുന്നവരുണ്ടായിരുന്നു.

?ഇപ്പോൾ അറിയപ്പെടുന്ന ഒരു കലാകാരിയാണ്. ആളുകൾ ശ്രദ്ധിക്കപ്പെടുന്ന ഈയൊരു മേഖലയിലേക്ക് കടന്നുവരുന്ന പെൺകുട്ടികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാമാണ്.

പ്രത്യേകിച്ചും ഞാൻ മുംബൈ പോലുള്ള ഒരു സ്ഥലത്തുനിന്ന് ആണ് കേരളത്തിലേക്ക് വരുന്നത്. ഞാൻ വരുന്ന സമയത്ത് കേരളത്തിലെ അന്തരീക്ഷം ഇന്നത്തെപ്പോലെ ആയിരുന്നില്ല. ആളുകൾ കുറച്ചുകൂടി ഉള്ളിലേക്ക് വലിഞ്ഞു ചിന്തിക്കുന്നവരായിരുന്നു. പുരുഷന്മാരോട് സംസാരിച്ചാലും ഇടപഴകിയാലും വേറെ രീതിക്ക് കാണുന്നവരായിരുന്നു. സ്ലീവ്‌ലെസ്സ് ഇട്ടതിനുവരെ ചോദ്യം ചെയ്യപ്പെട്ടു. ഈവക ചോദ്യങ്ങൾ എന്നോട് ചോദിച്ചവരിൽ പലരും സ്ത്രീകളായിരുന്നു. അതാണ് എനിക്ക് കൂടുതൽ വിഷമം തോന്നിയത്. വലിയ അഭിനേതാക്കൾ പലരും എന്നെ ക്യാമറയുടെ മുന്നിൽ വച്ചുതന്നെ കളിയാക്കിയിട്ടുണ്ട്. ആ സമയത്തും ഞാൻ ഷോട്ട് എടുത്തുകഴിഞ്ഞ് കട്ട് പറഞ്ഞതിനുശേഷം ബാത്‌റൂമിലേക്ക് ഓടിപ്പോയി അവിടെ നിന്നും വിഷമങ്ങൾ കരഞ്ഞുതീർത്ത് തിരിച്ച് ഒന്നും അറിയാത്ത പോലെ ഷോട്ടിന് തയ്യാറായി വന്നിട്ടുണ്ട്. ഇപ്പോൾ സാഹചര്യങ്ങൾ കുറെ മാറിയിട്ടുണ്ട്. കേരളത്തിലെ അന്തരീക്ഷവും.

?കേരളത്തിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്ന ഒരു റിയാലിറ്റി ഷോ ആയിരുന്നു വോഡഫോൺ കോമഡി സ്റ്റാർസ്. കുറച്ചുകാലത്തിനുശേഷം പക്ഷേ അവതാരക മാറി. അത്രയും കാലം റിയാലിറ്റി ഷോയുടെ ശബ്ദമായ അവതാരകയെ പെട്ടെന്ന് കാണാതായി, എന്തായിരുന്നു കാരണം.

സത്യമായിട്ടും എനിക്കതിന്റെ കാരണം അറിയില്ല. ഞാൻ ആരോടും ചോദിക്കാൻ പോയിട്ടുമില്ല. വളരെ നല്ല ഷോയായിരുന്നു അത്. അതിൽ ഒരു സംശയവുമില്ല. ഷോയിൽ നിന്ന് എന്നെ മാറ്റിയാലും എനിക്ക് ആ ഷോ തന്ന ഒരുപാട് സൗഭാഗ്യങ്ങൾ ഉണ്ടായിരുന്നു. ആളുകൾ എന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയത് ആ ഷോയിലൂടെ ആയിരുന്നു.

?കൂടെയുണ്ടായിരുന്ന അവതാരകയായിരുന്നു ശ്രുതിക്ക് ശേഷവും ആ പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്നത്. പിന്നീട് അത് വലിയ ശ്രദ്ധ നേടുകയും ചെയ്തു. ആ സമയത്ത് എന്തായിരുന്നു തോന്നിയത്.

ഞാനാ പരിപാടി അവതരിപ്പിച്ചത് എന്നെ സ്വയം അർപ്പിച്ചുകൊണ്ടായിരുന്നു. എനിക്ക് എന്റേതായ ഒരു ശൈലിയുണ്ടായിരുന്നു. അത് പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്നും ഞാൻ വിശ്വസിക്കുന്നുണ്ട്. എനിക്ക് ശേഷം വന്ന എത്ര അവതാരകർക്ക് അത് സാധിച്ചു എന്നതും സംശയമാണ്. ഞാൻ അന്നത്തെ വിധികർത്താക്കളോട് പോലും വളരെ നന്നായിത്തന്നെ ഇടപഴകുമായിരുന്നു. എനിക്കുശേഷം വന്ന ആളുകൾക്ക് അത് കഴിഞ്ഞിട്ടുണ്ടോ? ഇല്ല എന്നതാണ് അഭിപ്രായം.

? വന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഇപ്പോൾ എന്ത് തോന്നുന്നു.

പല വ്യക്തികളുടെയും സമീപനം ശരിയായിരുന്നില്ല എന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. നമ്മൾ ഒരു വർക്ക് സൈൻ ചെയ്താൽ അതിനുശേഷം നമ്മൾ പ്രത്യേകിച്ച് പെൺകുട്ടികൾ ആ വർക്കിൽ ഉള്ളവരുടെ പ്രോപ്പർട്ടിയായാണ് അവർ കാണുന്നത്. വലിയ അഭിനേതാക്കൾ വരെ എന്നെ പൊതുവായി നാണം കെടുത്തിയിട്ടുണ്ട്. വളരെ ചെറുതായിരുന്നു അതുകൊണ്ട്. അതൊക്കെ വേഗം മാനസിക സ്ഥിതിയെ ബാധിക്കുമായിരുന്നു. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്ന് ചോദിക്കുമ്പോൾ അതിൽ പ്രതികരിക്കാൻ പോലും അറിയാത്ത പ്രായമായിരുന്നു.

?മലയാളം ഇൻഡസ്ട്രിയിൽ ഇങ്ങനെ കുറെ അനുഭവങ്ങൾ ഉണ്ടായതുകൊണ്ടാണോ പിന്നീട് മലയാള സിനിമ വേണ്ടെന്നുവച്ചത്.

അങ്ങനെയൊന്നുമില്ല. ഹിന്ദിയിൽ അഭിനയിക്കുന്നുണ്ട്. രണ്ട് വെബ് സീരീസുകൾ ചെയ്തിട്ടുണ്ട്. മലയാളത്തിൽ ഇപ്പോൾ ആരെങ്കിലും വിളിച്ചാൽ ഞാൻ എന്തായാലും ഓടിയെത്തും. കാരണം മലയാളം ഇൻഡസ്ട്രിയിൽ നിന്നാണ് എനിക്ക് കലാമേഖലയിൽ തെളിയാനായത്.

?സിനിമയിൽ സജീവമായിരുന്ന പല സ്ത്രീകളും വിവാഹശേഷം സിനിമാമേഖലയിൽ നിന്നുതന്നെ അപ്രത്യക്ഷമാകുന്നു. ശ്രുതിയുടെ ജീവിതത്തിലും ഏകദേശം അങ്ങനെ തന്നെ സംഭവിച്ചിട്ടുണ്ട്. എന്താണ് അതിന് കാരണം.

സ്ത്രീകൾക്ക് കല്യാണത്തിനുശേഷം സിനിമയിൽ സെക്കൻഡ് ഇന്നിംഗ്‌സ് ആണ് എന്നുപറയുന്നതിനോട് എനിക്ക് യോജിപ്പില്ല. കാരണം പുരുഷന്മാരോട് ആരും ഈ ചോദ്യം ചോദിക്കാറില്ലല്ലോ. എന്നെ സംബന്ധിച്ച് ഇത് എന്റെ രണ്ടാം വരവാണ്. പക്ഷേ ഞാൻ മാറിനിന്നതിനുകാരണം എന്റെ വിവാഹമോ എന്റെ ഭർത്താവോ അല്ല.

?എത്ര കുറഞ്ഞ പ്രതിഫലം ആണെങ്കിലും അഭിനയിക്കാൻ തയ്യാറായിരുന്നു എന്നു പറയാനാകുമോ.

തീർച്ചയായും. ഞാൻ പ്രതിഫലം ഇല്ലാതെയാണ് പല സിനിമകളിലും അഭിനയിച്ചിട്ടുള്ളത്. നല്ലൊരു സിനിമ, നല്ല ടീം ഒക്കെ ആണെങ്കിൽ ഞാൻ എന്തായാലും അഭിനയിക്കും. ഇതിന് മുന്നേയും അഭിനയിച്ചിട്ടുണ്ട്.

?അവതരണത്തിലും സിനിമാഭിനയത്തിനുശേഷവും മോഡലിംഗ് രംഗത്തേയ്ക്ക് വന്ന് ടോപ്പ്‌ലെസ് ഫോട്ടോഷൂട്ട് ചെയ്തത് വിവാദമായിട്ടുണ്ട്. ടോപ്‌ലെസ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത് തെറ്റാണ് എന്ന് കരുതുന്നുണ്ടോ.

ഒരിക്കലുമില്ല. അങ്ങനെയാണെങ്കിൽ നമ്മുടെ ഇന്ത്യയിലെ പല ആർക്കിടെക്ചർ സംവിധാനങ്ങളും കൊത്തുപണികളും പൊളിച്ചിടേണ്ടി വരും. ചെയ്ത ടോപ്പ്‌ലെസ് ഫോട്ടോഷൂട്ട് വ്യക്തിപരമായി എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ബോംബെ ടൈംസ് പോലുള്ള പല പ്രമുഖ മാധ്യമങ്ങളും അത് റിപ്പോർട്ട് ചെയ്തിരുന്നു. ആ ചിത്രങ്ങൾക്ക് ഒരു എയ്‌സ്‌തെറ്റിക് ബ്യൂട്ടിയുണ്ട്.അത് തിരിച്ചറിയാത്തവർ കുറ്റം പറയും.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.